Archive | വിശേഷങ്ങള്‍

ഐ.പി.എല്‍. കൊച്ചിടീമിന്റെ ക്യാപ്‌റ്റനാകുമോ ശ്രീശാന്ത്‌…


ശ്രീശാന്ത്‌ കൊച്ചി ടീമായ കേരള കണ്‍സോര്‍ഷ്യത്തില്‍ അംഗമാകാന്‍ ഇപ്പോഴേ താല്‌പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. ശ്രീശാന്തിനെ ടീമിലെത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന്‌ ടീമിന്റെ രക്ഷാധികാരിയായ ശശി തരൂരും പറഞ്ഞിട്ടുണ്ട്‌. അടുത്ത ഐ. പി. എല്‍. സീസണോടെയേ ടീം കളിച്ചുതുടങ്ങൂ. ഈ സീസണോടെ പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവനുമായുള്ള ശ്രീശാന്തിന്റെ കരാര്‍ അവസാനിക്കുകയും ചെയ്യും. അതായത്‌, കേരള ടീമിന്റെ ആദ്യ മത്സരമാകുമ്പോഴേക്കേ ശ്രീ ഫ്രീയായിരിക്കുമെന്നു ചുരുക്കം. അങ്ങനെ കൊച്ചി ടീമിലേക്കു ശ്രീ വന്നാല്‍ അത്‌ എങ്ങനെയായിരിക്കും? മിക്കവാറും ക്യാപ്‌റ്റനായിട്ടുതന്നെയായിരിക്കില്ലേ. മലയാളിതാരങ്ങളില്‍ ഏറ്റവും ഉയരങ്ങളിലെത്തിയ ക്രിക്കറ്ററാണു ശ്രീശാന്ത്‌. ഇന്ത്യന്‍ ടീമിലെത്തിയ മലയാളികളായ അബി കുരുവിള, ടിനു യോഹന്നാന്‍, ശ്രീശാന്ത്‌ എന്നിവരില്‍ ഏറ്റവും മികവു പുലര്‍ത്തിയും കൂടുതല്‍ കളിച്ചതും ശ്രീശാന്ത്‌ തന്നെ. , അര്‍ദ്ധമലയാളി റോബിന്‍ ഉത്തപ്പ പോലും അക്കാര്യത്തില്‍ ശ്രീയുടെ പിന്നിലാണ്‌. മഹാനായ ക്രിക്കറ്റര്‍ അനില്‍ കുംബ്ലേക്ക്‌ അല്‌പം മലയാളിബന്ധമുണ്ടെങ്കിലും അദ്ദേഹം ബാംഗ്ലൂര്‍ ടീമിന്റെ അവിഭാജ്യഘടകമാണ്‌. പോരാത്തതിന്‌ ഇനിയൊരങ്കത്തിന്‌ അത്രയ്‌ക്കു ബാല്യമില്ലാതാനും. ഏതായാലും മലയാളിക്രിക്കറ്റര്‍മാരില്‍ പ്രധാനിയെന്ന നിലയ്‌ക്ക്‌ കൊച്ചിടീമിന്റെ ക്യാപ്‌റ്റന്‍സി ശ്രീക്ക്‌ അകലെയൊന്നുമല്ല. അല്ലെങ്കില്‍പ്പിന്നെ, ആഡം ഗില്‍ക്രിസ്റ്റിനെയോ ഷെയ്‌ന്‍ വോണിനെയോ മറ്റോ പോലെ ആരെയെങ്കിലും ടീം പുറത്തുകൊണ്ടുവരണം. ഏതായാലും ശ്രീ ക്യാപ്‌റ്റനാകുമെന്ന്‌ കൊച്ചിക്കാര്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല.

Posted in വിശേഷങ്ങള്‍0 Comments

കേരളത്തിന്‌ ഐ. പി. എല്‍.


ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇനി കേരളത്തിനും ഇടം. കാത്തുകാത്തിരുന്ന കസ്‌തൂരിമാമ്പഴം കാക്ക കൊത്തിപ്പോകാതെ കാത്ത ശശി തരൂരിനും വിവേക്‌ വേണുഗോപാലിനും കാശുവാരാനാണെങ്കിലും വേണ്ടില്ല, കാശെറിഞ്ഞ എല്ലാവര്‍ക്കും നന്ദി പറയുകാണിന്നു കൊച്ചിക്കാര്‍. കൊച്ചിയുടെ പേരിനെ ലോകകായിക – ക്രിക്കറ്റ്‌ കലണ്ടറുകളിലെ മുഖചിത്രമാക്കിമാറ്റുന്ന വലിയ സംഭവമാണ്‌ ഈ സ്ഥാനലബ്‌ധിയെന്ന്‌ ആരും പറയാതെ തന്നെ കൊച്ചിക്കാര്‍ക്കറിയാം. മാത്രമല്ല, മലയാളിയെ, പ്രത്യേകിച്ച്‌ കൊച്ചിക്കാരനെ ഒന്നുകൂടി ഉഷാറിലുള്ള ക്രിക്കറ്ററാക്കാനും ഈ ടീമിന്റെ വരവോടെ കഴിയും. പല കൊച്ചിക്കുടുംബങ്ങളിലും ബാറ്റിന്‌ ഇപ്പോഴേ മൂര്‍ച്ച കൂട്ടിത്തുടങ്ങി!!!!….

Posted in വിശേഷങ്ങള്‍0 Comments

തുരന്തോ: ഒരു ദുരന്തയാത്രയുടെ ഓര്‍മയ്‌ക്ക്‌


മൂന്നുനാള്‍. യാത്രയായിരുന്നു, ജീവിതത്തില്‍ ഇനി ഓര്‍ക്കാനിഷ്‌ടപ്പെടാത്ത ഒരു യാത്ര. ദുരന്തയാത്ര, ദുരിതയാത്ര…
നല്ല ഭക്ഷണമോ, വെള്ളമോ ഇല്ലാതെ, കാറ്റും വെളിച്ചവും ഇല്ലാതെ, സൗകര്യവും സ്വാസ്ഥ്യവും കിട്ടാത മൂന്നു നാള്‍, പ്രാഥമികാവശ്യങ്ങള്‍ക്കുപോലും വെള്ളമില്ല. ഭക്ഷണത്തിനും വെള്ളത്തിനുമുള്ള പൈസ യാത്ര തുടങ്ങുംമുന്നേ നല്‍കിയിരുന്നതു കൊണ്ട്‌ അതും കരുതിയില്ല… പൈസ വാങ്ങിയവരെ പരിസരത്തുപോലും കണ്ടതുമില്ല.
ശനിയാഴ്‌ച ഹസ്‌റത്ത്‌ നിസാമുദ്ദീനില്‍ നിന്ന്‌ യാത്ര തിരിച്ച പ്രതിവാര തുരന്തോ എക്‌സ്‌പ്രസില്‍ കേരളത്തിലേക്കു പുറപ്പെട്ട യാത്രികര്‍ക്കു പറയാനുള്ള പരാതികളാണു മേല്‍ വിവരിച്ചത്‌. തിങ്കളാഴ്‌ച എറണാകുളം സൗത്ത്‌ സ്‌റ്റേഷനിലെത്തിയപ്പോഴേക്കും യാത്രികര്‍ വാഗണ്‍ ട്രാജഡിയില്‍ നിന്നു രക്ഷപ്പെട്ട അവസ്ഥയിലായിരുന്നു.
കൂടുതല്‍ പണം വാങ്ങി കൂടുതല്‍ സൗകര്യങ്ങളോടെ ഒരു യാത്ര. അതാണു തുരന്തോയെപ്പറ്റി റെയില്‍വേ പറഞ്ഞിരുന്നത്‌. അതുകൊണ്ടാണ്‌ പ്രതീക്ഷയോടെ പലരും തുരന്തോയില്‍ കടന്നുപറ്റിയത്‌. പക്ഷേ, തുരന്തോ യാത്ര യാത്രക്കാരെ തുരന്തുതിന്നുന്ന ഒരു ദുരന്തവാഹനമായിമാറുകയായിരുന്നു.
ഭക്ഷണത്തിനും വെള്ളത്തിനുമുള്ള തുക ആദ്യമേ ഈടാക്കിയിരുന്നെങ്കിലും അതിനുള്ള സേവനമൊന്നും ട്രെയിനില്‍ ഉണ്ടായിരുന്നില്ലെന്ന്‌ യാത്രക്കാര്‍ പറയുന്നു. ആദ്യദിവസം പരാതിപ്പെട്ടപ്പോള്‍ മാത്രമാണ്‌ ഒരു ലിറ്റര്‍ വെള്ളം ലഭിച്ചതത്രേ. പിന്നീടുള്ള ദിവസങ്ങളില്‍ 300 മി.ലിറ്ററിന്റെ ഒരു കുഞ്ഞുകുപ്പി വെള്ളമാണ്‌ ലഭിച്ചത്‌. ഇതുകൊണ്ടു കുഞ്ഞുകുട്ടിപരാധീനങ്ങളും പ്രാഥമികാവശ്യങ്ങളും എങ്ങനെ സംതൃപ്‌തമാകാന്‍?
രാവിലെ സപ്ലയറുടെ കാല്‌ പിടിച്ചപ്പോഴാണ്‌ ഒരു കാലിച്ചായ കരഗതമായതത്രേ. രാവിലെ ചായ, ഉപ്പുമാവ്‌, ഉച്ചയ്‌ക്ക്‌ ചോറ്‌ചിക്കന്‍, വൈകിട്ട്‌ ചായ എന്നിങ്ങനെ സുഭിക്ഷമായ ഒരു മെനുവാണ്‌ നല്‍കിയതെങ്കിലും, മെനു മാത്രമേ കിട്ടിയുള്ളത്രേ. ഞായറാഴ്‌ച 8 മണിയിലെ പ്രഭാതഭക്ഷണത്തിനുശേഷം ഉച്ചഭക്ഷണം ലഭിച്ചത്‌ വൈകിട്ട്‌ 3 നായിരുന്നുപോലും.
?നാല്‌ ചപ്പാത്തി, അമ്പത്‌ പൈസ വിലയുള്ള ചെറിയ പായ്‌ക്കറ്റ്‌ അച്ചാര്‍, ചെറിയ കുപ്പി നെയ്യ്‌, എന്നിവയായിരുന്നു ഉച്ചഭക്ഷണം. കത്രിക കൈയില്‍ കരുതാത്തവര്‍ക്ക്‌ ചപ്പാത്തി കഴിക്കാന്‍ പോയിട്ട്‌ മുറിക്കാന്‍ പോലും സാധിച്ചില്ലത്രേ. ഇതേമാതിരി ചപ്പാത്തികൊണ്ടാണോ പണ്ട്‌ യേശു അയ്യായിരം പേരെ ഊട്ടിയതെന്നുപോലും സരസരായ ചില യാത്രികര്‍ ചോദിക്കുന്നു.
ടോയ്‌ലറ്റിന്റെ സ്ഥിതിയാണ്‌ ദയനീയം. അത്യാധുനിക സംവിധാനത്തിലുള്ള ടോയ്‌ലറ്റിലേക്ക്‌ മൂക്ക്‌ പൊത്തിപ്പോലും കയറാനാവാത്ത അവസ്ഥയാണ്‌. ടോയ്‌ലറ്റില്‍ വെള്ളമില്ലാത്തതിനെക്കുറിച്ച്‌ റെയില്‍വേ ഉദ്യോഗസ്ഥരോട്‌ പരാതിപ്പെട്ടപ്പോള്‍ പൈപ്പ്‌ തകരാറിലാണെന്ന മറുപടിയാണ്‌ ലഭിച്ചത്‌. ഭാഗ്യം, വാതുറന്നെന്തെങ്കിലും പറഞ്ഞല്ലോ!

Posted in വിശേഷങ്ങള്‍0 Comments

എക്‌സ്‌പ്ലോറര്‍? എത്തി; സമുദ്രസര്‍വകലാശാലയായി


ജലമാര്‍ഗം സഞ്ചരിക്കുന്ന വിശ്വസര്‍വകലാശാല എന്നറിയപ്പെടുന്ന കപ്പല്‍ ?എക്‌സ്‌പ്ലോറര്‍? കൊച്ചിത്തീരത്തെത്തി. തിങ്കളാഴ്‌ചയാണു ഈ കൂറ്റന്‍ യാനപാത്രം കൊച്ചിയില്‍ എത്തിയത്‌. അമേരിക്കയിലെ വെര്‍ജീനിയ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളതാണ്‌ എക്‌സ്‌പ്ലോറര്‍. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും ഒന്നര മാസക്കാലം കടലില്‍ ഒഴുകുന്ന സര്‍വകലാശാലയില്‍ 600ഓളം വിദ്യാര്‍ഥികളുമുണ്ട്‌. 350 ഓളം പേരെ ചെന്നൈയില്‍ ഇറക്കിയിട്ടാണ്‌ എക്‌സ്‌പ്ലോറര്‍ കൊച്ചിയിലെത്തിയത്‌. ചെന്നൈയില്‍ നിന്ന്‌ റോഡ്‌മാര്‍ഗം ആ വിദ്യാര്‍ഥികള്‍ കൊച്ചിയിലെത്തിക്കഴിഞ്ഞു. പഠനത്തിന്റെ ഭാഗമായാണ്‌ കരയിലും വെള്ളത്തിലും മാറിമാറിയുള്ള ഈ യാത്രകള്‍.
വെര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ പഠനത്തില്‍ മികവുകാട്ടുന്ന കുട്ടികളെയാണ്‌ ?സെമസ്റ്റര്‍ അറ്റ്‌ സീ?എന്ന സമുദ്രയാത്രാ പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്‌. കൊച്ചിയില്‍ ഈ കപ്പല്‍ എത്തുന്നത്‌ ആദ്യമായാണ്‌. കപ്പല്‍ ഇന്നു രാത്രി പോര്‍ട്ട്‌ ലൂയീസിലേക്ക്‌ തിരിക്കും. ട്രാവല്‍ കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യ, ട്രാവല്‍ കാര്‍ട്ട്‌ തുടങ്ങിയ സ്ഥാപനങ്ങളാണ്‌ പ്രാദേശിക ടൂറുകള്‍ സംഘടിപ്പിച്ചത്‌. ആഗോള പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഹാരങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളും ഗവേഷണങ്ങളും ഈ യാത്രാവേളയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തും. കൊച്ചിയിലെത്തിയ സംഘം ആലുവ, ആലപ്പുഴ, ചെറുതുരുത്തി, കുമ്പളങ്ങി എന്നിവിടങ്ങള്‍ പഠനാവശ്യത്തിനായി സന്ദര്‍ശിച്ചു.

Posted in വിശേഷങ്ങള്‍0 Comments

കോട്ടയത്തിനു പോകാന്‍ തീവണ്ടി പിടിക്കല്ലേ…


കോച്ചീന്നു കോട്ടയത്തിനോ തിരവല്ലയ്‌ക്കോ പോകാന്‍ നില്‍ക്കുന്ന യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌… റെയില്‍വേ സ്റ്റേഷനില്‍നിന്ന്‌ ഓട്ടോപിടിച്ച്‌ ബസ്‌ സ്റ്റാന്‍ഡിലേക്കു പോകുക. കാരണം, കോട്ടയം വഴി പോയിക്കൊണ്ടിരുന്ന മിക്ക തീവണ്ടികളും തല്‍ക്കാലം തീരദേശം ചുറ്റി, ലേറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്‌. കാര്യം മനസ്സിലായില്ലേ… പറയാം…
എറണാകുളം – മുളന്തുരുത്തി പാത ഇരട്ടിപ്പിക്കല്‍ കമ്മീഷനിങ്ങിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനാല്‍, തീവണ്ടികള്‍ വഴിമാറ്റിവിടുകയാണ്‌. തൃപ്പൂണിത്തുറ ?ഭാഗത്തും ട്രാക്കില്‍ പണികള്‍ ആരംഭിച്ചിട്ടുണ്ട്‌. പഴയതും പുതിയതുമായ ട്രാക്ക്‌ യോജിപ്പിക്കുന്ന കട്ട്‌ ആന്‍ഡ്‌ കണക്ഷന്‍ ജോലിയാണ്‌ നടക്കുന്നത്‌. ഇതുമൂലം ഈ വഴിക്കോടുന്ന മിക്ക വണ്ടികളും ആലപ്പുഴ വഴി തിരിച്ചുവിട്ടിരിക്കുകയാണ്‌. അതിനുപുറമേ, ഷട്ടില്‍ ചേട്ടന്മാരെ തല്‍ക്കാലം ഷെഡ്ഡിലുമാക്കിയിട്ടുണ്ട്‌. അതുകൊണ്ടു കെ.എസ്‌.ആര്‍.ടി.സി.യേ ശരണം ഇനി കോട്ടയം ഭാഗത്തേക്ക്‌. കോട്ടയം വരെ പ്രൈവറ്റ്‌ ബസുകള്‍ ധാരാളമുണ്ടെങ്കിലും അവിടെനിന്ന്‌ എംസിറോഡുവഴിയുള്ള യാത്രയ്‌ക്ക്‌ കെഎസ്‌ആര്‍ടിസിയെ ആശ്രയിക്കേണ്ടിവരും. ഏതു ബസ്സായാലും കൂലി ട്രെയിന്റെ ഇരട്ടിയിലേറെയും.

Posted in വിശേഷങ്ങള്‍0 Comments

ഓര്‍ഗാനിക്‌ എക്‌പോ


ഓര്‍ഗാനിക്‌ കേരള 2010 എന്ന പേരില്‍ ഏപ്രില്‍ പതിനാറു മുതല്‍ കൊച്ചിയിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ എക്‌പോ നടക്കും. ജൈവകാര്‍ഷിക ഉല്‌പന്നങ്ങളും മറ്റുമായിരിക്കും എക്‌പോയില്‍ പ്രദര്‍ശിപ്പിക്കപ്പെടുക.

Posted in featured, വിശേഷങ്ങള്‍0 Comments

ചുട്ടുപൊള്ളുന്നേ!!!…


നഗരത്തിനു തീയുടെ ചൂടാണ്‌. നാടോടുമ്പോള്‍ നടുവേ ഓടാമെന്നു വയ്‌ക്കാം. എന്നാല്‍, നാടു ചുടുമ്പോഴോ?…
കേരളമാകെ പൊള്ളുന്ന കൂട്ടത്തില്‍ ഏറ്റവും പൊള്ളല്‍ അനുഭവപ്പെടുന്ന നഗരപ്രദേശങ്ങളിലൊന്ന്‌ കൊച്ചിയാണ്‌. 37-39 ആണ്‌ ഇവിടെ നഗരത്തിലെ തീച്ചൂടിന്റെ അളവ്‌. നഗരത്തിലെ വമ്പിച്ച വാഹനപ്പെരുപ്പം കൂടിയാകുമ്പോള്‍ പുറത്തിറങ്ങി നടക്കാനാകാത്ത അവസ്ഥയാണ്‌. നഗരപ്രാന്തങ്ങളിലാണെങ്കില്‍ വെള്ളത്തിന്റെ ലഭ്യതയും പ്രശ്‌നത്തിലായിട്ടുണ്ട്‌. ഏതായാലും വരുംകാലങ്ങളില്‍ ഈ ചൂട്‌ കൂടിവരുമെന്നുറപ്പ്‌. ആഗോളതാപനത്തെപ്പറ്റി നാട്ടുകാര്‍ അല്‌പംകൂടി കരുതല്‍ നിലപാടു സ്വീകരിച്ചില്ലെങ്കില്‍ ചുട്ടുപൊള്ളി കരിഞ്ഞുപോകുകയേ ഉള്ളൂ കേരളീയന്റെ, കൊച്ചിക്കാരന്റെ പ്രത്യേകിച്ചും, നഗരജീവിതം.

Posted in featured, വിശേഷങ്ങള്‍0 Comments

വളകിലുക്കം പത്മത്തെരുവില്‍…


പത്മയുടെ തെരുവില്‍ വളകിലുക്കം കേള്‍ക്കുന്നുണ്ടോ?.. അതിലേ നടക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി. വളകിലുക്കം നിങ്ങളുടെ കാതുകളില്‍ വന്നുവീഴാതിരിക്കില്ല. കാരണം, തനിഷ്‌ക്‌ അവതരിപ്പിക്കുന്ന ബാംഗിള്‍ ഉത്സവ്‌ നടക്കുകയാണ്‌ അവിടത്തെ അവരുടെ ഷോറൂമില്‍. ഞായറാഴ്‌ചയും തുറന്നിരിക്കുന്നതിനാല്‍ ഉത്സവം നടക്കുന്ന മാര്‍ച്ച്‌ ഇരുപതുവരെ ഈ തെരുവുകളില്‍ വളകിലുക്കം ഒഴിയുകയില്ലെന്നുറപ്പ്‌.

Posted in featured, വിശേഷങ്ങള്‍0 Comments

മസ്‌കറ്റിന്റെ മകുടമായി ഞായറാഴ്‌ച കപ്പലെത്തുന്നു


ഒമ്പതാംനൂറ്റാണ്ടില്‍, എന്നുവച്ചാല്‍, മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളും തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ രാജ്യങ്ങളും തമ്മില്‍ ഉശിരന്‍ കച്ചവടം നടക്കുന്ന കാലത്ത്‌, കച്ചവടക്കപ്പലുകള്‍ ഒഴുകുകയായിരുന്നു നമ്മുടെ കടലുകളിലൂടെ. ഇന്നത്തെ സാങ്കേതികമേന്മയില്ലാത്ത ആ കപ്പലുകള്‍ അപകടത്തില്‍പ്പെടുന്നതും സാധാരണമായിരുന്നു. അങ്ങനെ, നിറയെ ചരക്കുമായി മസ്‌കറ്റില്‍ നിന്നു പുറപ്പെട്ട ജ്യൂവല്‍ ഓഫ്‌ മസ്‌കറ്റ്‌ എന്ന്‌ ഇന്ന്‌ അറിയപ്പെടുന്ന ചരക്കുകപ്പല്‍ മുങ്ങിപ്പോയിട്ടുണ്ട്‌.
ആ കപ്പലിന്റെ സ്‌മരണയ്‌ക്ക്‌, അതേ കപ്പലിനെ പുനര്‍നിര്‍മിച്ച്‌ യാത്രയ്‌ക്കിറക്കിയിരിക്കുകയാണ്‌ ബന്ധപ്പെട്ടവര്‍. അതിന്റെ അഞ്ചുമാസം നീളുന്ന കടല്‍യാത്രയ്‌ക്കിടെ, ദാ, വരുന്ന ഞായറാഴ്‌ച ഈ രത്‌നം കൊച്ചിത്തുറമുഖത്തടുക്കുന്നു എന്നതാണ്‌ പുതിയ വാര്‍ത്ത. അന്നേദിവസം കപ്പല്‍രത്‌നത്തിന്‌ വമ്പന്‍ സ്വീകരണം തുറമുഖത്തുണ്ട്‌. ഈ കപ്പല്‍ സിംഗപ്പൂരിന്‌ സൗഹൃദസ്ഥാപനത്തിന്റെ തെളിവായി സുല്‍ത്തനേറ്റ്‌ ഓഫ്‌ ഒമന്‍ നല്‍കുകയാണ്‌ ഈ കപ്പലെന്നതാണ്‌ മറ്റൊരു വിശേഷം.

Posted in featured, വിശേഷങ്ങള്‍0 Comments

കൊച്ചിയെ വിസ്‌മയിപ്പിക്കാന്‍ ത്രീഡി വീണ്ടും


നഗരത്തിനു ത്രീഡിക്കാഴ്‌ചകള്‍ അവസാനിക്കുന്നില്ല. ലോകചലച്ചിത്രവേദിക്കു വിസ്‌മയം തീര്‍ത്ത അവതാറെന്ന ജെയിംസ്‌ കാമറൂണ്‍ ചിത്രത്തിനു തൊട്ടുപിറകേ വീണ്ടും നഗരം ത്രീഡിക്കാഴ്‌ചയിലേക്കു മടങ്ങുകയാണ്‌. അവതാറിനു ത്രിമാനതലം പകര്‍ന്ന സിനിമാഹോളായ ശ്രീധറില്‍ ഇപ്പോള്‍ പുതുതായി വന്നിരിക്കുന്നതും മറ്റൊരു ത്രീഡി വിസ്‌മയമാണ്‌. ഫൈനല്‍ ഡെസ്റ്റിനേഷന്‍ എന്ന സിനിമയുടെ നാലാംഭാഗമാണ്‌ വമ്പന്‍ ത്രീഡി സാങ്കേതികാത്ഭുതവുമായി വന്നിരിക്കുന്നത്‌. ചിത്രം ഇന്നുവരെ വന്നിട്ടുള്ള ത്രീഡികളെ കടത്തിവെട്ടുമെന്നാണ്‌ അണിയറക്കാര്‍ അവകാശപ്പെടുന്നത്‌. സംഗതി അല്‌പം ഹൊറര്‍ മൂഡായതിനാല്‍ അത്തരം ഭയങ്ങളുള്ളവരും ഹൃദയരോഗങ്ങളുള്ളവരും ഡോക്‌ടറെക്കണ്ടിട്ട്‌ പോകുന്നതായിരിക്കും നല്ലതെന്നുതോന്നുന്നു. ഏതായാലും പടം കഷ്‌ടിച്ച്‌ ഒന്നരമണിക്കൂറേ ഉള്ളൂ. നഞ്ചെത്തിനാണു നാനാഴി? പടം തുടങ്ങുന്ന സമയം ഒന്നു ശ്രദ്ധിച്ചോളൂ. ഉച്ചയ്‌ക്കു പന്ത്രണ്ടിനും പിന്നെ, ഒന്നേമുക്കാലിനും മൂന്നരയ്‌ക്കും ആറരയ്‌ക്കുമാണു ഫെനല്‍ ഡെസ്റ്റിനേഷന്‍ ശ്രീധറില്‍ തുടങ്ങുന്നത്‌.

Posted in featured, വിശേഷങ്ങള്‍0 Comments